
കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് യാഥാർഥ്യമാക്കുവാൻ എല്ലാ സഹായവും നൽകിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കുറിപ്പിൽ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
ഒരു സന്തോഷ വാർത്ത പങ്കുവെക്കട്ടെ..
സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ കൂടി
യാഥാർത്ഥ്യമാകുവാൻ പോവുകയാണ്..
മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ച ഘട്ടത്തിൽ കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണം എന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു. അതിനുള്ള വിശദമായ നിർദ്ദേശവും സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്.
ദീർഘകാലത്തെ മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്ന രാമനാട്ടുകര - കോഴിക്കോട് എയർപോർട്ട് റോഡ് സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂർ) , കൊടൂങ്ങല്ലൂർ - അങ്കമാലി , വൈപ്പിൻ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയിൽ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്.
ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാർഥ്യമാക്കുവാൻ എല്ലാ സഹായവും നൽകിയ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നു.











